ദോഹ: ഖത്തറിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 1177 പേർക്ക്. ഇവരിലേറെപ്പേരും പുതിയ വൈറസ് വകഭേദമായ ഒമിക്രോൺ ബാധിതരാണ്. ഖത്തർ രോഗബാധയുടെ മൂന്നാം തരംഗത്തിലാണെന്നും അതിനാലാണ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതെന്നും പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കുന്നു.
രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകളുടെ എണ്ണവും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,663 ടെസ്റ്റുകളാണ് നടത്തിയത്. രോഗബാധിതർ കൂടിയതോടെ സ്‌കൂളുകളിൽ ഓൺലൈൻ പഠനമാണിപ്പോൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 826 പേർ ഖത്തർ നിവാസികളും 351 പേർ സഞ്ചാരികളുമാണ്. ഇതോടെ നിലവിൽ രോഗികളുടെ എണ്ണം 6,842ലേക്ക് എത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 346 പേർ മാത്രമാണ് ആശുപത്രികളിലുള്ളത്. ഇവരിൽ 32 പേർ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂറിനുള്ളിൽ 10,095 പേർക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകി. ഇതോടെ ആകെ ബൂസ്റ്റർ ഡോസുകളുടെ എണ്ണം 2,90,818 ആയി.
Comments