എങ്ങനെ ജീവിക്കണമെന്നുള്ളത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. ചിലർ ആഡംബര ജീവിതം വെടിഞ്ഞ് കാട്ടിനുള്ളിലോ അല്ലെങ്കിൽ ഏതെങ്കിലും പർവതനിരകളിലോ ശിഷ്ട ജീവിതം ആസ്വദിച്ച് തീർക്കും. മറ്റ് ചിലർ കഷ്ടപ്പെട്ട് ജോലി ചെയ്ത് വലിയ തുക സമ്പാദിച്ച് ആഡംബര ജീവിതം നയിക്കും. അതെല്ലാം തികച്ചും ഒരാളുടെ സ്വകാര്യതയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരാൾ സ്വന്തം ജോലിയും മറ്റും ഉപേക്ഷിച്ച് ഒരു നായയെ പോലെ ജീവിച്ചാലോ? ആശ്ചര്യം തോന്നിയല്ലേ. സംഗതി സത്യമാണ്. ജെന്ന ഫിലിപ്പ് എന്ന സ്ത്രീയാണ് നല്ലൊരു ജോലി പോലും വെടിഞ്ഞ് ഒരു നായയെ പോലെ ജീവിക്കുന്നത്.
പപ്പി ഗേർൾ ജെന്ന എന്നാണ് ഈ യുവതി ഇപ്പോൾ അറിയപ്പെടുന്നത്. നേത്രപരിശോധകയായി ജോലി ചെയ്തിരുന്ന ജെന്ന ചെറുപ്പം മുതൽ തന്നെ നായയായി ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ പഠിച്ച് മേടിച്ച ജോലി അവർ ഉപേക്ഷിച്ചു. ഒരു നായയായി ജീവിക്കുകയാണെങ്കിലും പ്രതിവർഷം ഇവർ സമ്പാദിക്കുന്നത് 700,000 പൗണ്ട് രൂപയാണ്. അതായത് ഏകദേശം 7 കോടി രൂപയാണ്.
തന്റെ ആരാധകർക്കായി നായയെ പോലെ കളിച്ചും, ഭക്ഷണം കഴിച്ചും, വെള്ളം കുടിച്ചും ജെന്ന വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കും. ഇതിലൂടെയാണ് അവർ വരുമാനം കണ്ടെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയിൽ നായയെ പോലെ തെരുവിൽ കടിപിടികൂടുന്നതാണ് കാണാൻ സാധിക്കുന്നത്. യഥാർത്ഥ നായ്ക്കൾ ചെയ്യുന്നത് പോലെ നിന്നും, കുരച്ചും നിൽക്കുന്ന ജെന്നയെ വീഡിയോയിൽ കാണാം. ജെന്നയ്ക്ക് സമീപമായി നായയെ പോലെ നിൽക്കുന്ന മറ്റൊരു സ്ത്രീയെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു.
ജെന്നയും മറ്റൊരു ‘മനുഷ്യ’നായയും ചേർന്നാണ് കടിപിടികൂടുന്നത്. ജെന്നയുടെ കൂടെയുള്ള ആരൊക്കയോ ചേർന്ന് അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ട് മനുഷ്യനായ്ക്കളും കടിപിടികൂടുന്ന വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടു. ഇതെന്തൊരു ലോകമാണെന്നും, ലോകത്ത് മറ്റ് അനേകം കാര്യങ്ങൾ നടക്കുമ്പോൾ ഇങ്ങനെ കോമാളിത്തരം കാണിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും ആളുകൾ ചോദിക്കുന്നുണ്ട്.
ചെറുപ്പം മുതൽ ഒരു നായ ആവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, അവർ ചെയ്യുന്നത് പോലെ മണ്ണിൽ കിടന്ന് ഉരുളാനും, കളിക്കാനും എല്ലാം ഇഷ്ടമാണെന്നും, നായയുടെ ജീവതത്തോട് വല്ലാത്ത പ്രണയമാണെന്നും ജെന്ന പറയുന്നു. ഇത് തനിക്ക് സന്തോഷം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Comments