കോഴിക്കോട് : പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ കല്ലേറ്. എസ്എഫ്‌ഐയുടെ പ്രകടനത്തിന് ശേഷമാണ് പ്രവർത്തകർ ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഓഫീസിന്റെ വാതിലിന്റെ ഗ്ലാസും ജനൽ ചില്ലും കല്ലേറിൽ തകർത്തു. കൊടിമരവും പോസ്റ്ററും നശിപ്പിച്ചു
വൈകീട്ട് 5.30 ഓടെയാണ് സംഭവം. എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി പേരാമ്പ്ര ടൗണിലൂടെ പോകുമ്പാഴാണ് പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ കെ രാഘവൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധമാർച്ച് നടത്തി.
കൊല്ലം പുനലൂരിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷമുണ്ടായി. കോൺഗ്രസിന്റെ കൊടിമരങ്ങൾ എസ്എഫ്ഐ നശിപ്പിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചു.
മലപ്പുറം, പത്തനംതിട്ട, ചവറ എന്നിവിടങ്ങളിലും ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പോലീസ് എത്തി ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഉന്തും തള്ളുമായി. തുടർന്ന് മുതിർന്ന പാർട്ടി പ്രവർത്തകരെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രിച്ചത്. ഇടുക്കി പൈനാവിലെ ഗവ. എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചേർന്ന് പ്രതിഷേധ പ്രകടനങ്ങൾ അഴിച്ചുവിടുന്നത്. ഈ പ്രതിഷേധങ്ങൾ വ്യാപക സംഘർഷത്തിലേക്കാണ് നയിക്കുന്നത്.
Comments