മുംബൈ: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ വച്ച് തടഞ്ഞ സംഭവത്തിനെതിരെ പ്രതികരിച്ച ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ അശ്ലീലചുവയുള്ള പരാമര്‍ശം വഴി പരിഹസിച്ച സിദ്ധാര്‍ത്ഥിന്റെ ട്വീറ്റില്‍ വിവാദം ശക്തമാകുന്നു. സിദ്ധാര്‍ത്ഥിന്റെ മോശം ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈനയുടെ പിതാവും രംഗത്തെത്തി. എന്ത് തരം ഭാഷയാണ് സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സൈനയുടെ പിതാവ് ഹര്‍വീര്‍ സിംഗ് നെഹ്വാള് ചോദിച്ചു. സൈന കോര്‍ട്ടില്‍ നിന്നും ധാരാളം മെഡലുകള്‍ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്, സിദ്ധാര്‍ത്ഥ് രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്ന് ഹര്‍വീര്‍ ആഞ്ഞടിച്ചു.
‘ സിദ്ധാര്‍ത്ഥ് എന്റെ മകള്‍ക്ക് നേരെ അത്തരം വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ വളരെയധികം സങ്കടം തോന്നി. അയാളെന്താണ് ഈ രാജ്യത്തിന് വേണ്ടി ചെയ്തിരിക്കുന്നത്? എന്റെ മകള്‍ ധാരാളം മെഡളുകള് നേടി, പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് ഈ രാജ്യത്തിന്റെ പേരുയര്‍ത്തി. ഇന്ത്യയിലേത് ഒരു മികച്ച സമൂഹമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകരുടേയും കായികതാരങ്ങളുടേയും എല്ലാം പിന്തുണ അവള്‍ക്ക് ലഭിക്കുന്നുണ്ട്. കാരണം എത്ര മാത്രം ബുദ്ധിമുട്ടുകളിലൂടെയാണ് ഒരു കായികതാരം കടന്നു പോകുന്നതെന്ന് അവര്‍ക്ക് അറിയാം’ ഹര്‍വീര്‍ സിംഗ് പറഞ്ഞു.
കേസില്‍ വനിത കമ്മീഷന് ഇടപെട്ടതിനെ കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. ‘ ഈ സംഭവത്തില്‍ വനിത കമ്മീഷന് ഇടപെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതില്‍ സന്തോഷമുണ്ട്. തന്റെ പരാമര്‍ശത്തില്‍ സിദ്ധാര്‍ത്ഥ് മാപ്പ് പറയുകയാണ് വേണ്ടത്. എനിക്ക് ഈ നടനെ കുറിച്ച് അറിയുക പോലുമില്ല. ഇന്നലെയാണ് ഞാന്‍ ഇയാളെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നതെന്നും’ഹര്‍വീര്‍ സിംഗ് പറഞ്ഞു. സിദ്ധാര്‍ത്ഥിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ മഹാരാഷ്ട്ര ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. രേഖ ശര്‍മ്മയ്ക്ക് പുറമെ, നടി ഖുശ്ബു, കിരണ്‍ റിജിജു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി.കശ്യപ് തുടങ്ങിയവരെല്ലാം വിഷയത്തില്‍ സിദ്ധാര്‍ത്ഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Comments