ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരാണ് ഉണ്ടാവുക അല്ലേ ? കൊച്ചു കുട്ടികൾ മുതൽ മുതിർന്നയാളുകൾ വരെ ഐസ്ക്രീം പ്രിയരാണ്.വിവിധ നിറങ്ങളിൽ രുചികളിൽ ഐസ്ക്രീം ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്.എന്നാൽ സ്വർണം പൂശിയ ഐസ്ക്രീം എന്ന് കേട്ടിട്ടുണ്ടോ ? ഭക്ഷ്യ യോഗ്യമല്ല ഈ ഐസ്ക്രീം എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി.രുചിയോടെ അകത്താക്കാൻ കഴിയുന്നതാണ് ഈ സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം. ഇത് കഴിക്കാൻ ഇനി കടല് കടക്കണമല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ നമ്മുടെ ഇന്ത്യയിലാണ് 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം വിൽപ്പനയ്ക്കുള്ളത്.
ഹൈദരബാദിൽ പ്രവർത്തിക്കുന്ന ഹ്യൂബർ ആൻഡ് ഹോളി എന്ന കഫെയിലാണ് സ്വർണ ഐസ്ക്രീം വിൽപ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വർണം പൂശിയതാണ് ഈ ഐസ്ക്രീം. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ളോഗറാണ് വീഡിയോ പകർത്തിയത്. അഭിനവിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സ്വർണം പൂശിയ ഐസ്ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നും വീഡിയോയിൽ കാണാം. ചോക്ക്ലേറ്റിൽ ഉണ്ടാക്കിയ കോണിൽ ഐസ്ക്രീം നിറച്ചശേഷം മുകളിൽ 24 കാരറ്റിന്റെ സ്വർണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടി വയ്ക്കും. അഞ്ഞൂറ് രൂപയാണ് ഐസ്ക്രീമിന്റെ വില.
Comments