മുൻ കാമുകനെ മോശക്കാരനാക്കി കാണിക്കാൻ 30 വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയ യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. കോർട്ട്നി അയർലൻഡ് എന്ന 20കാരിയ്ക്കാണ് ശിക്ഷ ലഭിച്ചത്. യുവതി ഉണ്ടാക്കിയ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്നും ഇവർ സ്വയം മോശം സന്ദേശങ്ങളും ഭീഷണി സന്ദേശങ്ങളും അയക്കുകയായിരുന്നു. ഇത് കാമുകൻ ആണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു കോർട്നിയുടെ ശ്രമം. ഇവരുടെ കാമുകനായിരുന്ന ലൂയിസ് ജോളി തന്നെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, സമൂഹമാദ്ധ്യമങ്ങളിൽ ശല്ല്യപ്പെടുത്തുകയാണെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൂയിസിന് മേൽ കുറ്റങ്ങൾ ചുമത്തിയ പോലീസ്, ഇയാളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതോടെ ലൂയിസിനെ ജോലിയിൽ നിന്നും പുറത്താക്കി. കോടതി നടപടികളും ആരംഭിച്ചു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോർട്നി അതിവിദഗ്ധമായി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ കോർട്നിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയുമായിരുന്നു.
ഇതോടെ ലൂയിസിനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും ഒഴിവാക്കാൻ കോടതി നിർദ്ദേശം നൽകി. പോലീസിനെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് തെറ്റായ സന്ദേശങ്ങൾ അയച്ചതെന്നും, പോലീസ് കേസിനെ ഗൗരവമായി കാണുമെന്നും അധികൃതർ പറഞ്ഞു. കോർട്നിക്ക് 10 മാസത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
Comments