തിരുവനന്തപുരം: ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്ക് സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കാൻ തീരുമാനിച്ചു. വിശദമായ മാർഗരേഖ തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഫെബ്രുവരി രണ്ടാം വാരവും ഓൺലൈൻ ക്ലാസുകൾ തുടരണമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കൊറോണ സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ആശങ്ക ഉണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി യോഗത്തിൽ അറിയിച്ചു.
10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകയ്യെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ച വരെ അടച്ചിടാൻ പ്രിൻസിപ്പലിനും ഹെഡ്മാസ്റ്റർക്കും അധികാരം നൽകും. സ്കൂൾ പ്രവർത്തിപ്പിക്കുന്നതും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
Comments