ബെയ്ജിംഗ്: നമ്മുടെ ഒക്കെ നാട്ടിൽ പഠനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പും, ട്രോഫികളും, മറ്റ് പഠന ഉപകരണങ്ങളുമെല്ലാമാണ് സമ്മാനമായി നൽകുക. എന്നാൽ ചൈനയിലെ ഒരു പ്രദേശത്ത് പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് പന്നിയെയാണ് സമ്മാനമായി നൽകുന്നത്. ഇതിന് കാരണമായി സ്കൂൾ അധികൃതർ പറഞ്ഞ ഉത്തരമാവട്ടെ അതിലും രസം. ഏതെങ്കിലും കാലത്ത് ഇവിടെ ദാരിദ്ര്യം അനുഭവിച്ചാൽ, പഠനത്തിൽ മികച്ച് നിന്ന കുട്ടികൾ പന്നി കൃഷി നടത്തി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണം.
ചൈനയിലെ യുനാൻ പ്രവിശ്യയിലെ സിയാങ്യാങ് എലിമെന്ററി സ്കൂളിലാണ് പഠനത്തിൽ മികച്ച് നിന്ന 20 വിദ്യാർത്ഥികൾക്ക് പന്നികളെ സമ്മാനമായി നൽകിയത്. സ്കൂളിൽ ആകെ 65 വിദ്യാർത്ഥികളാണുള്ളത്. അതിൽ പഠനത്തിൽ മികച്ച് നിന്ന 20 പേരെയാണ് തിരഞ്ഞെടുത്തത്.
കുട്ടികൾക്ക് കടലാസ് കൊണ്ട് നിർമ്മിച്ച ചുമന്ന പൂക്കളും ഒപ്പം പന്നികളേയുമാണ് നൽകിയത്. കുട്ടികൾക്ക് നൽകിയ പന്നികൾക്ക് 5 മുതൽ 10 കിലോഗ്രാം വരെ തൂക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു. 20 കുട്ടികളുടെയും മാതാപിതാക്കളാണ് പന്നികളെ ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
‘കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും ഇവയെ പരിപാലിച്ച് വരുമാനം കണ്ടെത്തണം. പന്നികളെ കൊണ്ട് പെട്ടന്നൊരു വരുമാനം നേടാനാവില്ല. എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ, ഇത് നല്ലൊരു വ്യവസായമാവും’ സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഇനിമുതൽ കുട്ടികൾക്ക് പുസ്തകങ്ങളും മറ്റും വാങ്ങേണ്ട പണം ഉപയോഗിച്ച് പന്നികൾക്ക് ഭക്ഷണം വാങ്ങേണ്ടി വരുമോ എന്നെല്ലാമാണ് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്.
Comments