തിരുവനന്തപുരം : മേപ്പടിയാൻ സിനിമയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. ഇത്തരം പ്രചാരണങ്ങളിൽ ആരും വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. മുസ്ലീം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു മേപ്പടിയാൻ സിനിമയ്ക്കെതിരെ ഉയർന്ന പ്രധാന ആരോപണം.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദൻ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നത്. ചിത്രത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളുടെ സ്ക്രീൻ റെക്കോർഡുകളും താരം പങ്കുവെച്ചിരുന്നു. മേപ്പടിയാൻ ഒരു കുടുംബ ചിത്രമാണെന്നും സിനിമ എന്താണെന്ന് അറിയാൻ എല്ലാവരും സിനിമ കാണമമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇവിടെ എല്ലാ വ്യക്തമാണ്. മേപ്പടിയാൻ തീർത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യൻ അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സിനിമ. എന്നാൽ ചില അനാവശ്യമായ പ്രചാരണങ്ങൾ സിനിമയ്ക്കെതിരെയുണ്ട്. സിനിമ എന്താണെന്ന് അറിയാൻ എല്ലാവരും സിനിമ കാണണമെന്നും ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചിത്രത്തിൽ സേവാഭാരതിയുടെ മഹത്തായ പ്രവർത്തനങ്ങൾ പരാമർശിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലർ ഇത്തരത്തിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നത്. മേപ്പടിയാൻ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സംവിധായകൻ വിഷ്ണു മോഹനും രംഗത്ത് വന്നിരുന്നു.
Comments