കണ്ണൂർ ; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണ യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞു. മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിലാണ് സംഭവം . ‘നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, എന്നിട്ട് പരിപാടി നടത്താൻ നോക്കുന്നോ?’ എന്ന് പറഞ്ഞാണ് ഇരുപതോളം സി.പി.എം പ്രവർത്തകർ സംഘടിച്ചെത്തി യോഗം തടഞ്ഞത്. എന്നാൽ, ‘നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസ്സമല്ലേ’ എന്നായിരുന്നു യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളുടെ മറു ചോദ്യം
.
സി.പി.എമ്മിന്റെ പാർട്ടി ഗ്രാമമാണ് മുടക്കോഴി . ഷുഹൈബ് കേസിൽ പിടിയിലായ രണ്ടു പേരടക്കം തില്ലങ്കേരി സ്വദേശികളായ മൂന്നു പ്രതികളും ഒളിച്ചിരുന്നതു മുടക്കോഴി മലയിലാണ്. 10,000 ഏക്കറിലധികം വരുന്ന പുരളിമലയുടെ ഒരു ഭാഗമാണ് മുടക്കോഴി മല. . ഇവിടെയാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും മറ്റും ഒളിവിൽ കഴിഞ്ഞിരുന്നതും. പാർട്ടി ഗ്രാമത്തിൽ മറ്റൊരു പാർട്ടിയുടെ യൂണിറ്റ് ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു കൈയ്യേറ്റവും അസഭ്യവർഷവുമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്ഥലത്തെത്തിയ പോലീസ് സിപിഎം പ്രവർത്തകർക്കെതിരെ നടപടി എടുത്തില്ലെന്നും അവർ പറഞ്ഞു.
Comments