കോഴിക്കോട് : കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ബിജെപി സമ്മേളനങ്ങൾക്കെതിരെ കേസെടുത്ത് പോലീസ് . പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേർക്കെതിരെയാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിനെതിരെ സംഘടിപ്പിച്ച ജനകീയ പ്രതിരോധമാണ് സർക്കാരിനെ ചൊടിപ്പിച്ചത് . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്ലാ സമ്മേളനങ്ങളുടെ പേരിൽ സിപിഎം നടത്തിയ മെഗാ തിരുവാതിര ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു . തുടക്കത്തിൽ കേസെടുക്കാതിരുന്ന പോലീസ് വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇതിനെതിരെ കേസെടുത്തത് .
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച പാറശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്റെ വിലാപ യാത്ര നടക്കുന്നതിനിടെ മെഗാ തിരുവാതിര അരങ്ങേറിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരുവാതിര പാട്ടിലെ പിണറായി സ്തുതി പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു.
പിന്നാലെ തൃശ്ശൂരിലും സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര നടന്നിരുന്നു . ഊരോക്കാട് നടന്ന തിരുവാതിരക്കളിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ തിരുവാതിര നടന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്
Comments