കൊല്ലം: കൊല്ലം മൺറോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മൺറോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ് (75) ഭാര്യ വിലാസിനിയെ (65) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എന്നാൽ കൊലപാതകവും ആത്മഹത്യയും നടന്ന് ഒരുദിവസം പിന്നിട്ടതിന് ശേഷമാണ് സംഭവം പുറംലോകമറിയുന്നത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു പുരുഷോത്തമൻ. രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യ വിലാസിനിയെയും കണ്ടെത്തി. സ്വത്തുവകകൾ ആർക്കെല്ലാം നൽകണമെന്നും സ്വയം മരിക്കുകയാണെന്നും പുരുഷോത്തമൻ വീടിന്റെ ചുമരിൽ എഴുതിയിരുന്നു. അതേസമയം പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും ഇയാൾ മന്ത്രവാദവും മറ്റും ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.
Comments