ചണ്ഡീഗഡ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആം ആദ്മി പാർട്ടി(എഎപി) സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്കെതിരെ വിമർശനം ശക്തം. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗ്വന്ത് മന്നിനെ പ്രഖ്യാപിച്ചതിന് പിന്നലെയാണ് ആം ആദ്മി പ്രചാരണ വീഡിയോ പുറത്തിറക്കിയത്. ഹെയ് ബേബി എന്ന ബോളിവുഡ് ചിത്രത്തിലെ ദിൽ ദാ മാംല എന്ന ഗാനമാണ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.
എഡിറ്റ് ചെയ്ത ഗാനത്തിലെ മുഖ്യമന്ത്രിക്കസേരയായി എഴുതിക്കാണിക്കുന്നത് നടി വിദ്യാബാലനെയാണ്. റിതേഷ് ദേശ്മുഖിന്റെ ചിത്രത്തിന്റെ സ്ഥാനത്ത് നവ്ജ്യോത് സിംഗ് സിദ്ധുവിന്റെയും അക്ഷയ് കുമാറിന്റെ സ്ഥാനത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജീത് സിംഗ് ഛന്നിയുടെയും ചിത്രങ്ങൾ വെച്ചിട്ടുണ്ട്. ഷാറൂഖ് ഖാനെയാണ് ഭഗ്വന്ത് മൻ ആയി അവതരിപ്പിച്ചിട്ടുള്ളത്. ബൊമൻ ഇറാനി, അനുപം ഖേർ എന്നീ കഥാപാത്രങ്ങളുടെ സ്ഥാനത്ത് അരവിന്ദ് കെജ്രിവാളും രാഹുൽ ഗാന്ധിയുമാണ്.
എന്നാൽ വീഡിയോ വൈറലായതോടെ ഇതിനെതിരെ വിമർശനം ശക്തമാണ്. സ്ത്രീയെ ലൈംഗിക ഉപകരണമാക്കി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ഭരണഘടനാ സ്ഥാനമായ മുഖ്യമന്ത്രിപദത്തിന്റെ അർത്ഥം ഇതാണോ എന്നും ആളുകൾ ചോദിക്കുന്നു. പഞ്ചാബികൾ ഇത്തരം സ്റ്റീരിയോടൈപ്പുകൾക്ക് എതിരാണെന്ന് ചിലർ പറയുന്നു. ആം ആദ്മിയിൽ ഒരു വനിതാ നേതാവ് പോലുമില്ലേ എന്നും പല പ്രമുഖ എഴുത്തുകാരും ചോദിക്കുന്നുണ്ട്.
Comments