ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ സന്ദേശം നൽകുകയും വ്യാജ വാർത്ത പ്രചരിപ്പിക്കുകയും ചെയ്യുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടിക്കാൻ നിർദേശം നൽകി കേന്ദ്രസർക്കാർ. 35 യൂട്യൂബ് ചാനലുകൾ, ആറ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (2 ട്വിറ്റർ അക്കൗണ്ടുകൾ, 2 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്), രണ്ട് വെബ്സൈറ്റുകൾ എന്നിവ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായ വിക്രം സാഹയ് വിളിച്ചു ചേർത്ത മാദ്ധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങൾ പങ്കുവെക്കുന്ന ചാനലുകളെക്കുറിച്ച് മന്ത്രാലയത്തിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ഈ അക്കൗണ്ടുകളും ചാനലുകളും എല്ലാം തന്നെ പാകിസ്താനിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിക്രം സാഹയ് വ്യക്തമാക്കി. ഐടി ആക്ട് പ്രകാരം ഇവ ബ്ലോക്ക് ചെയ്യുമെന്ന് സെക്രട്ടറി അപൂർവ് ചന്ദ്ര അറിയിച്ചു. നുണപ്രചാരണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇത്തരത്തിൽ പ്രവർത്തിച്ച 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.
Comments