തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിൽ പ്രതിഷേധമറിയിച്ച് കേരളം. കേന്ദ്രസർക്കാർ നീക്കത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. കേന്ദ്രം നിർദ്ദേശിക്കുന്ന ഭേദഗതി നിലവിലെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് കത്തിൽ പറയുന്നു.
ഭേദഗതി സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ആശങ്കയും ഭീതിയും ജനിപ്പിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ സ്ഥലം മാറ്റാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതിനോടകം അഞ്ച് സംസ്ഥാനങ്ങൾ മാത്രമാണ് കേന്ദ്രത്തെ എതിർപ്പ് അറിയിച്ചിരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരെ എപ്പോൾ വേണമെങ്കിലും കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് മാറ്റാൻ അധികാരം നൽകുന്നതാണ് ചട്ടഭേദഗതി. ഐഎഎസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് ചട്ടങ്ങളിലെ ഭേദഗതിയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ചൊവ്വാഴ്ചയ്ക്ക് മുൻപ് അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.
Comments