ആരോഗ്യമുള്ള ശരീരത്തിന് നല്ല വ്യായാമം ചെയ്യുന്നത് ഉത്തമമാണ്. ഒരു ദിവസം ചെറിയ രീതിയിൽ എങ്കിലും വർക്കൗട്ട് ചെയ്യുന്നത് എപ്പോഴും ആരോഗ്യത്തിന് മുതൽകൂട്ടാണ്. വർക്കൗട്ടിന്റെ കാര്യമെടുക്കുമ്പോൾ, എപ്പോഴും യുവാക്കൾ തന്നെയാണ് ഇതിൽ മുൻപന്തിയിൽ നിൽക്കാറ്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇന്ന് ഏവരും ജിമ്മിലും മറ്റും പോയി എപ്പോഴും ഫിറ്റായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതും.
എന്നാൽ എല്ലാ കാര്യത്തിലും വ്യത്യസ്തരായി ഇരിക്കാൻ ഏവരും ആഗ്രഹിക്കുന്നു. വർക്കൗട്ടിന്റെ കാര്യത്തിലും എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ പലരും ശ്രമിച്ചിട്ടുമുണ്ട്. അത്തരക്കാർക്ക് പ്രചോദനമാകുകയാണ് ഒരു മണിപ്പൂരുകാരൻ.
വർക്കൗട്ട് ചെയ്യുന്നവർക്ക് സുപരിചിതമായ ഒരു കാര്യമാണ് പുഷ്-അപ്സ്. ഇത് പല വിധത്തിൽ ചെയ്യാൻ സാധിക്കും. മണിപ്പൂരിൽ നിന്നുള്ള യുവാവ് പുഷ്-അപ്പിലാണ് വ്യത്യസ്തത പുലർത്തിയത്. വിരലറ്റങ്ങൾ ഉപയോഗിച്ച് ഒരു മിനുറ്റിൽ 109 പുഷ്-അപ്സ് ചെയ്ത് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് നിരഞ്ജോയ് സിംഗ് എന്ന മണിപ്പൂരുകാരൻ.
നേരത്തെ മിനുറ്റിൽ 105 പുഷ്-അപ്സ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ നിരഞ്ജോയ്, ഇക്കുറി തന്റെ തന്നെ റെക്കോർഡാണ് തകർത്തിരിക്കുന്നത്. ഈ ചെറുപ്പക്കാരന്റെ മാസ്മരിക പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. പുഷ്-അപ്സിന്റെ ദൃശ്യങ്ങൾ കേന്ദ്ര മന്ത്രി കിരൺ റിജിജു അടക്കം പങ്കുവെയ്ക്കുകയും അഭിനന്ദനങ്ങൾ നേരുകയും ചെയ്തിട്ടുണ്ട്.
Comments