അബുദാബി: യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്. ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകൾ അടക്കം ഡ്രോൺ പറപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞയാഴ്ച അബുദാബിയിൽ ഡ്രോൺ ആക്രമണം നടന്നതിന് പിന്നാലെ ദുബായിലെ എല്ലാ ഡ്രോൺ അനുമതികളും റദ്ദാക്കിയിരുന്നു. കരയും കടലും അടക്കമുള്ള പറക്കൽ മേഖലകളിൽ ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നത് നിർത്തിവെക്കാനാണ് നിർദേശം. ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി ചേർന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച അബുദാബിയിൽ ഡ്രോൺ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ദുബായിൽ പഴയതും പുതിയതുമായ എല്ലാ ഡ്രോൺ അനുമതികളും നേരത്തെ തന്നെ അധികൃതർ റദ്ദാക്കിയിരുന്നു. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്ന പുതിയ മാർഗ നിർദേശങ്ങൾ മാനിക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ഡ്രോണുകളുടെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികളോ വാണിജ്യ പ്രവർത്തനങ്ങളോ തുടരുന്നതിൽ വിലക്കില്ല. ഇതിന് ആവശ്യമായ അനുമതി വാങ്ങിയിരിക്കണം. ഒപ്പം, കൃത്യമായ മാർഗ നിർദേശങ്ങൾ പാലിക്കുകയും വേണം.
തൊഴിൽ, വ്യവസായം, പരസ്യം തുടങ്ങിയ ചിത്രീകരണങ്ങൾക്കാണ് മുൻകൂട്ടി പെർമിറ്റ് എടുത്ത് ഡ്രോണുകൾ ഉപയോഗിക്കാനാവുക. അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും ഉപയോഗിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രോണുകളും ലൈറ്റ് സ്പോർട്സ് വിമാനങ്ങളും പറത്താനായി അനുമതി ലഭിച്ചിട്ടുള്ള പ്രദേശത്തിന് പുറമെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് ഇവ അതിക്രമിച്ച് കടക്കുന്നതായി അധികൃതർ അടുത്തിടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി സംയുക്തമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ മാനിക്കാൻ പൊതുജനങ്ങളോടും സമൂഹത്തോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
Comments