ന്യൂഡൽഹി : ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഡൽഹി പോലീസ്. കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിൽ വാക്സിനെടുക്കാത്തവരെ പങ്കെടുപ്പിക്കില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു. 15 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാനാകില്ല.
രാജ്പഥിൽ ജനുവരി 26 നാണ് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ പരിപാടികൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. പരിപാടിക്കെത്തുന്നവർക്ക് മാസ്ക്, സാമൂഹിക അകലം പാലിക്കുക എന്നിവ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് പ്രവേശനമില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കേറ്റും കയ്യിൽ കരുതണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
റിപബ്ലിക് ദിനത്തിൽ ഭീകാക്രമണ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷയ്ക്കായി 27,000 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സിഎപിഎഫിന്റെ 65 കമ്പനികൾ ഇവരെ സഹായിക്കാനുണ്ട്. ഭീകരരും രാജ്യവിരുദ്ധ ശക്തികളും എപ്പോഴും ലക്ഷ്യമിടുന്ന പ്രദേശമായതിനാലാണ് ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചിരിക്കുന്നത്.
Comments