കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ സുനിൽ കുമാർ എല്ലാ തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ അമ്മ. ഇന്ന് താൻ കോടതിയിൽ മൊഴി നൽകുമെന്നും ശോഭന പറഞ്ഞു. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമായിരുന്നു ശോഭനയുടെ പ്രതികരണം.
കോടതിയിൽ താൻ എല്ലാം പറയും. ചെയ്ത് പോയ തെറ്റിൽ സുനിക്ക് നല്ല കുറ്റബോധമുണ്ട്. ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം സുനി അറിയുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. എന്നോട് ഒന്നും പറയേണ്ടെന്നാണ് അവൻ പറഞ്ഞത്. ദിലീപിന്റെ വാക്കിൽ താൻ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേർത്തു. സുനിൽ കാര്യങ്ങൾ കോടതിയിൽ പറയുമെന്നും നടന്ന സംഭവങ്ങൾ പുറം ലോകം അറിയുമെന്നും അമ്മ വ്യക്തമാക്കി.
ദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുളളത് അണ്ണാൻ കുഞ്ഞുങ്ങളും. അണ്ണാൻ കുഞ്ഞുങ്ങൾക്ക് കൊമ്പനാനയെ എന്ത് ചെയ്യാൻ പറ്റുമെന്ന് ശോഭന ചോദിച്ചു. കോടതിയിൽ ഇന്ന് താൻ രഹസ്യ മൊഴി നൽകുമെന്നും അവർ പറഞ്ഞു.
അതേസമയം, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. അഞ്ച് പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ എന്നാണ് സൂചന.
Comments