ന്യൂഡല്‍ഹി: കനത്ത മഴയും മലനിരകളിലെ മഞ്ഞുവീഴ്ചയും കാരണം വടക്കുപടിഞ്ഞാറന്‍ ഇന്ത്യ ഇന്നു മുതല്‍ തണുത്തുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും ജമ്മു-കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാവും.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ടതോ ചാറ്റല്‍ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബീഹാര്‍, ജാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയോ മിതമായ തോതിലൊ മഴ പ്രതീക്ഷിക്കാം. 24, 25 തീയതികളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ അസമിലും മേഘാലയയിലും നാഗാലാന്‍ഡിലും ഇടിയും മിന്നലോട് കൂടിയതുമായ മഴ പെയ്യും.ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.
വരും ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മധ്യപ്രദേശിലും കുറഞ്ഞ താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നും ഗുജറാത്തിലും മഹാരാഷ്ട്രയിലും താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.
അടുത്ത രണ്ട് ദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Comments