വാഷിംഗ്ടൺ: അമേരിക്കയിൽ തുടർക്കഥയായി പ്രകൃതി ദുരന്തങ്ങൾ. ഹിമപ്പേമാരിയ്‌ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെ കാട്ടുതീയും ഉടലെടുത്തു. കാലിഫോർണിയയിലെ ബിഗ്‌സർ മേഖലയിൽ 1500 ഏക്കറോളം വ്യാപ്തിയിലാണ് കാട്ടുതീയുണ്ടായത്. വെള്ളിയാഴ്‌ച്ച മുതൽ തുടരുന്ന കാട്ടുതീ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
തീ ഇതുവരേയും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. അഞ്ച് ശതമാനം മാത്രം തീയാണ് ഇതുവരെ അണക്കാനായതെന്ന് അഗ്നിശമന സേന അറിയിച്ചു. കൊളറാഡോ കാട്ടുതീ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. കാട്ടുതീയ്‌ക്ക് പിന്നാലെ അമേരിക്കയിലെ പ്രധാന ദേശീയപാതകളിലൊന്നായ സ്റ്റേറ്റ് ഹൈവെ വൺ, തീരദേശ പട്ടണമായ കാർമലിന് സമീപം അടച്ചു.
കാട്ടുതീ ബാധിത പ്രദേശമായ മോണ്ടെറി കൗണ്ടിയിൽ നിന്നും അഞ്ഞൂറോളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങളേയും സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് മാറ്റി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ പ്രദേശത്ത് വിന്യസിച്ചു. പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
അതേസമയം കാട്ടുതീ കാലിഫോർണിയയിൽ സാധാരണമാണ്. എന്നാൽ അടുത്തിടയായി കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുണ്ടാകുന്ന ഇടവേളയും വ്യാപ്തിയും കരുത്തും വർദ്ധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷവും വലിയ തോതിൽ കാലിഫോർണിയയിൽ കാട്ടുതീയുണ്ടായിരുന്നു. ജനുവരിയിൽ മാത്രം 1200 ഏക്കറിലായി മുന്നൂറോളം കാട്ടുതീ സംഭവങ്ങളാണ് ഇവിടെയുണ്ടായത്. ഇപ്പോഴുണ്ടായിരിക്കുന്നത് ഈ വർഷത്തെ ആദ്യത്തെ കാട്ടുതീയാണ്.
Comments