ദുബായ്: റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയനും. പവലിയന് മുന്നിൽ പതാക ഉയർത്തിയതിന് ശേഷം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ അരങ്ങേറി. കോൺസുൽ ജനറൽ അമൻ പുരി ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
എംബസിക്കും കോൺസുലേറ്റിനും പുറമേ ഇത്തവണ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചത് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയനിൽ കൂടിയാണ്. രാവിലെ 11 മണിക്ക് പതാക ഉയർത്തി. ഇന്ത്യൻ തൊഴിലാളികളും മറ്റ് പ്രവാസി ഇന്ത്യക്കാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തൊഴിലാളികളിൽ പലരും ആദ്യമായാണ് യുഎഇയിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികവും യുഎഇ രൂപീകൃതമായതിന്റെ അമ്പതാം വാർഷികവും ഒരുമിച്ചെത്തിയ വേളയിലാണ് ഇത്തവണ റിപ്പബ്ലിക് ദിനമെന്ന് അമൻ പുരി പറഞ്ഞു. കൂടുതൽ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിന് ശേഷം യുഎഇയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും മറ്റ് നൃത്ത ഗ്രൂപ്പുകളും അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി.
Comments