ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ ടെലികോം ബ്രാൻഡായി യുഎഇയിലെ എത്തിസലാത്ത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്താനും എത്തിസലാത്തിന് സാധിച്ചു. അതേസമയം അബുദാബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി തുടർച്ചയായ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
ലോകോത്തര ബ്രാൻഡുകളുടെ മൂല്യനിർണയം നടത്തുന്ന ബ്രാൻഡ് ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് എത്തിസലാത്തും അഡ്നോക്കും ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ തന്ത്രപ്രധാന സഹായിയായി മാറാൻ ദുബായ് എക്സ്പോ എത്തിസലാത്തിന് വഴിയൊരുക്കിയെന്നും ബ്രാൻഡ് ഫിനാൻസ് വിലയിരുത്തുന്നു. നൂറിൽ 89.2 സ്കോർ ചെയ്താണ് എത്തിസലാത്തിന്റെ നേട്ടം. മേഖലയിലാകെ 5ജി സേവനങ്ങൾ വിജയകരമായി നടപ്പാക്കിയതും എത്തിസലാത്തിന്റെ വിപണി മൂല്യം ഉയർത്തി.
അതേസമയം 47 ബില്യൺ ദിർഹം മൂല്യത്തോടെയാണ് ലോകത്തിലെ ഏറ്റവും മികച്ച പത്ത് എണ്ണ കമ്പനികളിൽ ഒന്നായി അഡ്നോക് മാറിയത്. കഴിഞ്ഞ വർഷം രാജ്യത്തിന്റെ എണ്ണ ശേഖരം നാലു ബില്യൺ ബാരലായും പ്രകൃതി വാതക ശേഖരം 16 ട്രില്യൺ ക്യുബിക് അടിയായും അഡ്നോക് വർധിപ്പിച്ചിരുന്നു.
ദുബായിയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ 5 ബില്യൺ ഡോളർ മൂല്യത്തോടെ ലോകത്തിലെ പ്രമുഖ 500 കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 43.6 ബില്ല്യൺ ഡോളർ ആസ്തി മൂല്യത്തോടെ മേഖലയിലെ തന്നെ ഏറ്റവും മകിച്ച ബ്രാൻഡായി സൗദി ആരാംകോ തുടരുകയാണ്. ലോകത്ത് 31 ാം സ്ഥാനമാണ് ആരാംകോക്കുള്ളത്.
Comments