റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് ത്രിവർണ പതാക ഉയർത്തി. ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു. തുടർന്ന് റിയാദിലെ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി.
സൗദി അറേബ്യയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സിലെ സാംസ്കാരിക കൊട്ടാരത്തിൽ എംബസി ഒരുക്കിയ ഔപചാരികമായ പരിപാടിയിൽ റിയാദ് മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിൻ പങ്കെടുത്തു. ഇന്ത്യൻ പ്രവാസികൾക്കൊപ്പം നയതന്ത്ര സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.
ഇവന്റ് ഹാളിൽ ഇന്ത്യ-സൗദി ബന്ധങ്ങൾ എന്ന വിഷയത്തിൽ സൗദിയിലെയും ഇന്ത്യയിലെയും പ്രമുഖ കലാകാരന്മാർ ഒരുക്കിയ പെയിന്റിംഗ് എക്സിബിഷൻ പ്രദർശിപ്പിച്ചു. കൂടാതെ ഇന്ത്യൻ കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, ഭക്ഷണം, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന നിരവധി സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
Comments