ലക്‌നൗ : ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ഇനി ചരിത്രമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പിന്തുണ പ്രതിദിനം കുറഞ്ഞുവരുന്ന പാർട്ടിക്ക് നിലനിൽപ്പുണ്ടാവില്ല. സൈഫായി മഹോത്സവ് നടത്തി വോട്ടർമാരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചവർക്ക് ഇനി പിടിച്ചുനിൽക്കാനാവില്ലെന്നാണ് യോഗി പറഞ്ഞത്. സമാജ്‌വാദി പാർട്ടിയെയും സ്ഥാപകൻ മുലായം സിംഗ് യാദവിനെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശ് ഇന്ന് അയോദ്ധ്യയിലെ ദിപോത്സവത്തിനും കുംഭമേളയ്‌ക്കും പ്രസിദ്ധമായിരിക്കുകയാണ്. സീറ്റ് നേടാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി പൊതു പരിപാടികൾ സംഘടിപ്പിച്ചവർ ഇന്ന് ചരിത്രത്തിൽ പോലും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
യാദവ കുടുംബത്തിന്റെ പൂർവ്വിക ഗ്രാമമായ സൈഫായിയിൽ മുലായം സിംഗ് യാദവിന്റെ അനന്തരവൻ രൺവീർ സിംഗാണ് സൈഫായി മഹോത്സവ് സംഘടിപ്പിച്ചത്. 1996-ൽ ആദ്യമായി ബ്ലോക്ക് തലത്തിൽ ഉത്സവം നടത്തി. എല്ലാ വർഷവും ഡിസംബറിനും ജനുവരിക്കും ഇടയിലാണ് ഇത് നടത്തിയത്. അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഇത് വളർത്തിയെടുക്കുകയും 2002-ൽ അന്തരിച്ച സൈഫായിയുടെ ആദ്യ ബ്ലോക്ക് പ്രമുഖ് ആയിരുന്ന രൺവീറിന്റെ പേര് ഇതിന് നൽകുകയും ചെയ്തു.
എന്നാൽ ഒരു രാഷ്‌ട്രീയ കുടുംബത്തിന്റെ വിനോദ പരിപാടികൾക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെവഴിക്കുന്നതിനെച്ചൊല്ലി വ്യാപകമായ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നു. ഇതിന് പിന്നാലെ 2016 ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് സൈഫായി മഹോത്സവ് റദ്ദാക്കിയത്.
Comments