ബെംഗളൂരു: കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ്. രാത്രി കർഫ്യൂ തിങ്കളാഴ്ച മുതൽ പിൻവലിച്ചു. ബെംഗളൂരുവിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
ഹോട്ടലുകളിലും ബാറുകളിലും പബ്ബുുകളിലും 50 ശതമാനം സീറ്റുകളിലേ ഇരുത്താവൂ എന്ന നിബന്ധന പിൻവലിച്ചിട്ടുണ്ട്.എന്നാൽ സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
സർക്കാർ ഓഫീസുകൾക്ക് 100% ജീവനക്കാരുടെ ഹാജരോടെ പ്രവർത്തിക്കാം. ക്ഷേത്രങ്ങളിൽ 50% പേർക്കാണ് പ്രവേശനാനുമതി. പ്രതിഷേധം, കുത്തിയിരിപ്പ് സമരം, മതപരിപാടികൾ, രാഷ്ട്രീയ യോഗങ്ങൾ എന്നിവ അനുവദിക്കില്ല.
കഴിഞ്ഞ ആഴ്ചകളിൽ ബെംഗളൂരുവിൽ ഒറ്റ ദിവസത്തെ കൊറോണ രോഗികളുടെ എണ്ണം 30,000 ആയി വരെ ഉയർന്നിരുന്നു. വെള്ളിയാഴ്ച കർണാടകയിൽ 31,198 പുതിയ കേസുകളും ബെംഗളൂരുവിൽ മാത്രം 15,199 കേസുകളും രേഖപ്പെടുത്തി. സാഹചര്യം കണക്കിലെടുത്ത്, വാരാന്ത്യ കർഫ്യൂ നേരത്തെ കർണാടക പിൻവലിച്ചിരുന്നു.
Comments