കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ എത്തുന്ന കുട്ടികൾക്ക് ഇനി കളിച്ചുല്ലസിക്കാം. മെട്രോയുടെ എം.ജി റോഡ് സ്റ്റേഷനിൽ കുട്ടികൾക്കായുള്ള ഗെയിമിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഗെയിമിംഗ് സ്റ്റേഷൻ പ്രശസ്ത ബാലതാരം വൃദ്ധി വിശാൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി മെട്രോയുടെ എം.ജി റോഡ് സ്റ്റേഷനിലാണ് കുട്ടികളുടെ വിനോദത്തിനായി ഗെയിമിംഗ് സ്റ്റേഷൻ ആരംഭിച്ചത്. കാർഗെയിം, ജോക്കർ ഗെയിം, ടോയ് പിക്കിംഗ് ഗെയിം തുടങ്ങിയ ഇനങ്ങളാണ് ഗെയിമിംഗ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനിലെ കസ്റ്റമർകെയറിൽ പണം അടച്ച് ഗെയിമുകൾ കളിക്കാം.
50 രൂപയാണ് ടോയ് പിക്കിംഗ് ഗെയിമിന് ചാർജ്. രണ്ട് കോയിൻ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള കളിപ്പാട്ടം സ്വന്തമാക്കാം. മറ്റ് ഗെയിമുകൾക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
മെട്രോയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്കായുള്ള ഗെയിമിംഗ് സ്റ്റേഷൻ ആരംഭിച്ചതെന്നു കൊച്ചി മെട്രോ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജൻ പറഞ്ഞു.
പടികൾ കയറുമ്പോൾ സംഗീതം പൊഴിക്കുന്ന മ്യൂസിക് സ്റ്റെയർ, കാലുകൊണ്ട് ചവിട്ട് പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിംഗ് സൗകര്യം, സെൽഫി കോർണർ തുടങ്ങിയവയ്ക്ക് ഒപ്പമാണ് കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നത്.
Comments