റോഡപകടങ്ങൾ കേൾക്കാത്ത ദിവസങ്ങളില്ല. അശ്രദ്ധ മൂലം ദിനം പ്രതി നൂറ് കണക്കിന് ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞുപോകുന്നത്. എന്നാൽ എറ്റവും കൂടുതൽ റോഡപകടമരണങ്ങൾ നടക്കുന്ന മലേഷ്യയിൽ നിന്ന് അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മലേഷ്യയിൽ ഒരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെടുന്നതിന്റെയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെയും
ഭയാനകമായ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
വീഡിയോയിൽ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരൻ സ്പീഡിൽ വരുന്നത് കാണാം. തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട ബൈക്ക് റോഡിലൂടെ തെന്നി നീങ്ങുകയും വീഴുകയും ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെ ഒരു ട്രക്ക് വന്ന് ബൈക്കിന് മുകളിലൂടെ കടന്നു പോകുന്നത് കാണാം.
ഞൊടിയിട വ്യത്യാസത്തിൽ ബൈക്ക് യാത്രികൻ വീണിടത്തു നിന്ന് എഴുന്നേറ്റ് അൽപ്പം ദൂരേക്ക് മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലായിരുന്നു ഈ അപകടം നടന്നത്.
കാറിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനാണ് ഈ പേടിപ്പെടുത്തുന്ന അപകട വീഡിയോ പകർത്തിയത്. നിസ്സഹായനായ ട്രക്ക് ഡ്രൈവർ എങ്ങനെയോ ട്രക്ക് നിർത്തുന്നുമുണ്ട്. പതിയെ ബൈക്ക് യാത്രികൻ ബൈക്കിന് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പോകുന്നതുമാണ് വീഡിയോയിൽ അവസാനമായി കാണാൻ കഴിയുന്നത്.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
Comments