ന്യൂയോർക്ക്: ഇന്ന് ആഗോള മാനവിക കൂട്ടായ്മ ദിനം. ആഗോള തലത്തിൽ ലോകത്തെ എല്ലാ ജനങ്ങളേയും ഒരുമിച്ച് ചേർക്കാൻ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ ഉയർത്തിപ്പിടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരം പ്രതിനിഥി ടി.എസ്.തിരുമൂർത്തി പറഞ്ഞു. ബഹുസ്വരത, വിവിധ സംസ്കാരങ്ങളുടെ കൂട്ടായ്മ, പാരമ്പര്യം എന്നിവ സംരക്ഷിക്കാനും ഉത്തേജിപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ഒപ്പമുണ്ടാകുമെന്നും തിരുമൂർത്തി പറഞ്ഞു.
ആഗോളതലത്തിലെ ബഹുസ്വരത കാത്തുസംരക്ഷിക്കുന്നതിൽ എല്ലാ രാജ്യങ്ങളും കൂട്ടായി എടുത്തിട്ടുള്ള തീരുമാനങ്ങൾ ഇന്ന് നാം മുറുക്കെ പിടിക്കേണ്ട ദിനമാണ്. ബഹുസ്വരതയാണ് ആഗോള തലത്തിൽ മാനവികതയെ ഒരുമിച്ച് സംരക്ഷിച്ച് നിർത്തുന്ന കവചമെന്ന് നാം മറക്കരുത്. ലോകം മുഴവൻ ഒരു കുടുംബമാണെന്ന് വിശ്വസിക്കുന്നിടത്തും പെരുമാറുന്നി ടത്തുമാണ് ബഹുസ്വരത പുലരുക. ഇന്ത്യ പുരാതന കാലം മുതൽ മുന്നോട്ട് വച്ചിട്ടുള്ള വസുധൈവ കുടുംബകം ആഗോള സമൂഹത്തിനുള്ള സന്ദേശമാണെന്നും തിരുമൂർത്തി പറഞ്ഞു.
ഐക്യരാഷ്ട്ര സഭ രൂപീകരിച്ചിട്ടുള്ള വിവിധ സംസ്കാരങ്ങളെ സംരക്ഷിക്കാനുള്ള സംഘടനാ സംവിധാനം ഇത്തരം പരിശ്രമങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് തിരുമൂർത്തി പറഞ്ഞു. ആഗോളതലത്തിലെ എല്ലാത്തരം വിദ്വേഷങ്ങളും ഇല്ലാതാക്കാൻ മതവൈര്യം ഇല്ലാതാകണം. ഇന്ന് ഇന്ത്യയുടെ തനത് സാംസ്കാരിക മുഖങ്ങളായ സിഖ്, ബുദ്ധ, ഹൈന്ദവ മതങ്ങളെല്ലാം കടുത്ത വെല്ലുവിളിയും അക്രമവും നേരിടുകയാണ്. അഫ്ഗാനിലെ ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്തെറിഞ്ഞതിന്റെ പിന്നിലെ മതവൈര്യം ലോകത്തിന് മുന്നിൽ ഒരുപാഠമാണെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു.
Comments