എറണാകുളം: കരുമാലൂരിൽ ഗുണ്ടാസംഘം സഹോദരങ്ങളെ വീടുകയറി ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ കരുമാലൂർ മനയ്ക്കപ്പടി സ്വദേശി ആനച്ചാലിൽ അഖിൽ ആനന്ദ്, കാരുകുളത്തിങ്കൽ ആകാശ് എന്നിവർ അറസ്റ്റിൽ. ആക്രമണം നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെയും പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു.
കൃത്യം നേരിട്ട് നടത്തിയെന്ന് സംശയിക്കുന്ന അനൂപ്, ആകാശ്, കിരൺ, സുജിത്ത്, വിഷ്ണു എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ രണ്ട് പേർക്കും കൃത്യം നടത്തിയ പ്രതികളുമായി അടുത്ത ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
പിടിയിലായ പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഫോണുകളും മറ്റും പരിശോധിക്കുകയും ചെയ്തപ്പോഴാണ് പ്രധാന പ്രതികളെ സഹായിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
Comments