ദേശീയതയ്ക്കും ഹിന്ദുത്വത്തിനുമൊപ്പം എന്നും ഉറച്ചു നിന്ന കുടുംബമായിരുന്നു മങ്കേഷ്കർ കുടുംബം. ലതാ മങ്കേഷ്കറുടെ പിതാവ് ദീനനാഥ് മങ്കേഷ്കർ, വീർ സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു. ദീനനാഥിന്റെ നാടകശാലയ്ക്ക് സവർക്കർ നാടകമെഴുതി നൽകിയിട്ടുണ്ട്. സവർക്കറുടെ പ്രശസ്തമായ ഗീതം ചിട്ടപ്പെടുത്തിയതും ദീനനാഥ് മങ്കേഷ്കറാണ്.
ലതയുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കർ സവർക്കറുടെ ദേശഭക്തി ഗീതങ്ങൾ ചിട്ടപ്പെടുത്തിയതിന്റെ പേരിൽ സർക്കാരിന്റെ അപ്രീതി സമ്പാദിക്കുകയും ചെയ്തു. 1954 ൽ ആയിരുന്നു സംഭവം. ആകാശവാണിയിൽ ജോലി ചെയ്യവേ ആണ് ഹൃദയനാഥ് മങ്കേഷ്കർ സവർക്കറുടെ ദേശഭക്തി ഗീതങ്ങൾ ചിട്ടപ്പെടുത്തിയത്. അന്ന് അഞ്ഞൂറു രൂപ മാസശമ്പളമുള്ള ജോലിയായിരുന്നു ഹൃദയനാഥിന്. പാട്ട് ചിട്ടപ്പെടുത്തിയത് ഇഷ്ടപ്പെടാതെ സർക്കാർ ഹൃദയനാഥിനെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
സവർക്കറോടുള്ള ബഹുമാനം ലതാ മങ്കേഷ്കർ ഒരുകാലത്തും മറച്ചു വച്ചതുമില്ല. സാമൂഹ്യമാദ്ധ്യമങ്ങളിൽ വീർ സവർക്കർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് എല്ലാ സ്മൃതി ദിനത്തിലും ജയന്തി ദിനത്തിലും ലത പോസ്റ്റുകൾ ഇടുമായിരുന്നു. സവർക്കർക്ക് അർഹമായ ആദരവ് സ്വതന്ത്ര ഇന്ത്യ നൽകിയിട്ടില്ലെന്നും ഒരിക്കൽ അവർ തുറന്നടിച്ചു. രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയപ്പോഴും ആഹ്ലാദം മറച്ചു വച്ചില്ല ലതാജി. അദ്വാനിക്കും താക്കറേയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
ദേശീയതയുടേയും ഹിന്ദുത്വത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത മറാട്ട അഭിമാനത്തിന്റെ പ്രതീകമായിരുന്നു അവർ. അനശ്വരമായ ശബ്ദ സൗകുമാര്യം കൊണ്ട് മാത്രമല്ല നിലപാടുകളുടെ ദൃഢത കൊണ്ടും ശ്രദ്ധേയയായിരുന്നു ലതാ മങ്കേഷ്കർ.
Comments