വാഷിംഗ്ടൺ : ഐഎസ്ഐഎസ് കെ ഭീകരൻ സനൗള്ള ഗഫാരിയുടെ തലയ്ക്ക് 10 മില്യൺ ഡോളർ വിലയിട്ട് അമേരിക്ക. കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം നടത്തി 185 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരനാണ് ഇയാൾ.
ഐഎസ്ഐഎസ് തലവൻ ഷബാബ് അൽ മുജാഹിർ അഥവാ സനൗള്ള ഗഫാരിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം ലഭിക്കുമെന്നാണ് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കുന്നത്. സിഗ്നൽ, ടെലഗ്രാം, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയും വിവരം നൽകാം. 2021 ഓഗസ്റ്റ് 26 ന് കാബൂൾ വിമാനത്താവളത്തിൽ ആക്രമണം നടത്തിയവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കും പ്രതിഫലം ലഭിക്കുമെന്നും ഭരണകൂടം അറിയിച്ചു.
1994 ൽ അഫ്ഗാനിൽ ജനിച്ച ഗഫാരി ഇപ്പോൾ ഐഎസ്ഐഎസ്- കെയുടെ തലവനാണ്. 2020 ജൂണിലാണ് ഇയാളെ ഭീകര സംഘടനയുടെ തലവനായി നിയമിച്ചത്. അഫ്ഗാനിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഇയാളുടെ നേതൃത്വത്തിലാണ്. കാബൂൾ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ 13 യുഎസ് പൗരന്മാർ ഉൾപ്പെടെ 185 പേരാണ് കൊല്ലപ്പെട്ടത്.
പരിശീലനം ലഭിച്ച സൈനിക നേതാവായ അൽ മുജാഹിർ കാബൂളിലെ സിംഹമാണെന്നും നിരവധി ഗൊറില്ല യുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് അന്ന് ഭീകരസംഘടന പ്രസ്താവനയിൽ പറഞ്ഞത്.
Comments