പത്തനംതിട്ട: പത്തനംതിട്ട നഗരസഭ തന്നെ അവഗണിക്കുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം പോലും തന്നെ അറിയിക്കുന്നില്ല. തന്റെ പദ്ധതികൾ പലതും നഗരസഭയുടേതായി ചിത്രീകരിക്കുകയാണ്. നഗരസഭ പരിധിയിലെ പരിപാടികളിൽ നിന്നും പൂർണ്ണമായും തന്നെ ഒഴിവാക്കുകയാണെന്നും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.
വിശപ്പ് രഹിത നഗരം പദ്ധതിയിൽ എംഎൽഎ ഫണ്ട് ഉപയോഗച്ച് ആവിഷ്കരിച്ച 20 രൂപയുടെ ഉച്ചയൂണ് പദ്ധതി നഗരസഭ സ്വന്തം നിലയിൽ നടപ്പാക്കാൻ ഒരുങ്ങുന്നതും കുമ്പഴയിലെ ആരോഗ്യ കേന്ദ്രത്തിന്റെ പരിപാടികളിൽ നിന്നും ഒഴിവാക്കിയതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. നഗരസഭയുടെ ഭാഗത്ത് നിന്നുള്ള അവഗണനയ്ക്കെതിരെ തുടക്കം മുതൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. താക്കീത് നൽകിയെങ്കിലും അവഗണന തുടരുകയാണെന്നാണ് മന്ത്രി പറയുന്നത്.
നഗരസഭാ കൗൺസിലിന്റെ തീരുമാന പ്രകാരമാണ് പരിപാടികൾ നടത്തിയതെന്നും മന്ത്രിയെ മനഃപ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും നഗരസഭാ അദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈൻ മറുപടി നൽകി. മന്ത്രിയുടെ പരാതി നിലനിൽക്കുന്നതാണെന്നും ഇത്തരം നടപടികൾ നഗരസഭ ഭരണ സമിതിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ധ്യക്ഷൻ ഉറപ്പാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
Comments