ദുബായ് : യുഎഇയിൽ വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട ആവശ്യമില്ല. ഇതിനായി 550 ദിർഹം ഫീസ് അടച്ചാൽ തൊഴിൽ വിസയിലേക്കോ താമസ വിസയിലേക്കോ മാറാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഇത്തരക്കാർക്ക്
രാജ്യം വിട്ടതിനുശേഷം പുതിയ വിസയിൽ വരണമായിരുന്നു.
യുഎഇ യിൽ വിസ മാറ്റത്തിനായുള്ള ഫീസ് സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. നിലവിലുള്ള വിസ കാലാവധി അവസാനിക്കുന്നതിനു മുൻപ് അപേക്ഷ നൽകിയിരിക്കണം. കാലാവധി കഴിഞ്ഞാൽ വൈകിയ ദിവസങ്ങളിലെ പിഴ നൽകേണ്ടി വരും. സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തിയവർ കാലാവധി കഴിഞ്ഞുള്ള ആദ്യ ദിവസത്തിന് 200 ദിർഹവും പിന്നീടുള്ള ഓരോ ദിവസത്തിന് 100 ദിർഹം വീതവും പിഴയൊടുക്കേണ്ടി വരും.
ഇതിനു പുറമേ രാജ്യം വിടുന്ന ദിവസം 100 ദിർഹം സേവന നിരക്കായും നൽകണം. തൊഴിൽ വിസയിലുള്ളവർ പുതിയ വിസയിലേക്ക് മാറുമ്പോൾ 30 ദിവസമാണ് സമയ പരിധി. വൈകുന്ന ആദ്യ ദിവസത്തിൽ 125 ദിർഹവും പിന്നീടുള്ള ഓരോ ദിവസത്തിനും 25 ദിർഹം വീതവുമാണ് പിഴ. ആറു മാസം വരെ പിഴയടക്കേണ്ടി വരുന്ന നിരക്കാണിത്. അതു കഴിഞ്ഞാൽ ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ ചുമത്തും. ഒരു വർഷം ഇതേ രീതിയിൽ തുടർന്നാൽ പ്രതിദിനം നൽകേണ്ട പിഴ 100 ദിർഹമാകും.
Comments