കോഴിക്കോട് : മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്കൂട്ടറിൽ സഞ്ചരിച്ചയാൾക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. മുച്ചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് കേസ് എടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി.
സംഭവത്തിൽ നേരത്തെ വനംവകുപ്പ് ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് കേസ് എടുത്തത്. പാമ്പിനെ ഭദ്രമായി പോലീസ് സ്റ്റേഷനിൽ എത്തിച്ച ജിത്തുവിനെതിരെ അടിയന്തിരമായി കേസ് എടുക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാൽ പാമ്പുമായി ജിത്തു സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ ആയതോടെ കേസ് എടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. മദ്യലഹരിയിൽ വരികയായിരുന്ന ജിത്തു വഴിയിൽ കണ്ട പെരുമ്പാമ്പിനെ പിടിച്ച് ഇരുചക്രവാഹനത്തിന് പിന്നിൽവെച്ച് യാത്ര തുടരുകയായിരുന്നു. ഇത് കണ്ട നാട്ടുകാരിൽ ചിലരാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇവർക്കു മുൻപിൽ പാമ്പിനെയും ജിത്തു പ്രദർശിപ്പിച്ചിരുന്നു. അന്ന് രാത്രി തന്നെ ജിത്തു പാമ്പിനെ പോലീസുകാർക്ക് കൈമാറിയിരുന്നു.
Comments