ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ആദിശങ്കരന്റെ പാരമ്പര്യവും ധർമ്മത്തിന്റെ ആവശ്യകതയുമാണ് നരേന്ദ്ര മോദി പഠിപ്പിച്ചത് എന്നും അത് ഒരിക്കലും രാഷ്‌ട്രീയ പ്രൊപ്പഗാണ്ട ആവില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുവീശ്വർ നാഥ് ബണ്ഡാരി അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി രംഗരാജൻ നരസിംഹൻ എന്നയാളാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ പരാതി നൽകിയത്.
ഉത്തരാഖണ്ഡിലെ ആദിശങ്കര സമാധിയിൽ പ്രധാന മന്ത്രി നടത്തിയ പൂജയും പ്രസംഗവും തമിഴ്‌നാട്ടിലെ 16 ക്ഷേത്രങ്ങളിൽ ടെലികാസ്റ്റ് ചെയ്തിരുന്നു. ഇത് രാഷ്‌ട്രീയ പ്രൊപ്പഗാണ്ടയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്ര പ്രവേശന നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇത് ടെലികാസ്റ്റ് ചെയ്തത് എന്നാണ് ഹർജിയിൽ പറഞ്ഞത്. അനേകം ആളുകൾ പ്രസംഗം കൂടിനിന്ന് കണ്ടുവെന്നും രംഗരാജൻ പരാമർശിച്ചു.
എന്നാൽ ഇത് ഒരിക്കലും രാഷ്‌ട്രീയ പ്രൊപ്പഗാണ്ടയായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദി ശങ്കരന്റെ പാരമ്പര്യവും ധർമ്മത്തിന്റെ പ്രാധാന്യവുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ രാഷ്‌ട്രീയം കലർത്തിയിട്ടില്ല. അദ്ദേഹം തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും, ജ്യോതിർലിംഗങ്ങളെക്കുറിച്ചുമാണ് സംസാരിച്ചത്. സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധ പദ്ധതികളും എടുത്ത് പറഞ്ഞിരുന്നു. എന്നാൽ അത് രാഷ്‌ട്രീയ പരാമർശമായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments