ശരീരഭാരം കുറച്ച് ലോകത്തിലെ ജനങ്ങൾക്ക് മുഴുവൻ പ്രചോദനമായി മാറിയ ലെക്സ് റീഡിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. രണ്ട് വർഷത്തിനുള്ളിൽ 141 കിലോ ഭാരമാണ് ലെക്സി കുറച്ചത്. ശരീരഭാരം അമിതമായി കുറഞ്ഞതാണ് ആരോഗ്യനില വഷളാകാൻ കാരണം. ശരീരത്തിലെ അവയവങ്ങൾ പ്രവർത്തന രഹിതമാവുകയായിരുന്നു. യുഎസിലെ ഇന്ത്യാനയിൽ നിന്നുള്ള ഫിറ്റ്നസ് ഇൻഫ്ലുവൻസറാണ് ലെക്സി.
ആരോഗ്യനില അതീവഗുരുതരമായതിനെ തുടർന്ന് ലെക്സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഡാനിയാണ് ഇക്കാര്യം അറിയിച്ചത്. ലെക്സിയുടെ അവസ്ഥ ഇൻസ്റ്റഗ്രാമിലൂടെ ഡാനി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലെക്സിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ലെക്സിയ്ക്ക് ക്ഷീണവും ശരീര തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും ഡാനി പറയുന്നു.
ഇപ്പോൾ വെന്റിലേറ്ററിലാണ് ലെക്സി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയ്ക്കാനായതിനാലാണ് ജീവൻ രക്ഷിക്കാനായത്. ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അതിനാൽ ലെക്സിയ്ക്ക് നടക്കാനാകില്ലെന്നും ഡാനി പറഞ്ഞു. തന്റെ ശരീര ഭാരം കുറയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്താണ് ലെക്സി വൈറലായത്. 31കാരിയായ ലെക്സിയ്ക്ക് 217 കിലോ ഭാരം ഉണ്ടായിരുന്നു. രണ്ട് വർഷത്തെ ശ്രമത്തിൽ ഭാരം 78 കിലോയായി കുറച്ചിരുന്നു.
ശരീരഭാരം കുറഞ്ഞപ്പോൾ ലെക്സിയുട ചർമ്മം തൂങ്ങിക്കിടന്നിരുന്നു. തുടർന്ന് ഇത് നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. ഡാനിയും ഇത്തരത്തിൽ ശരീരഭാരം കുറച്ച് പ്രശസ്തി നേടിയ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ്. 94 കിലോയിൽ നിന്നും 43 കിലോയായി കുറച്ചാണ് ഡാനി ശ്രദ്ധനേടിയത്. ലെക്സിയുടെ ആരാധകരെല്ലാവരും അവരുടെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ്.
Comments