തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി സന്ദർശിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ എംബി രാജേഷ്. പതിനഞ്ചാം കേരള നിയമസഭയുടെ 4 -ാം സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് ഗവർണറെ നേരിട്ടു ക്ഷണിക്കുന്നതിനായാണ് സ്പീക്കർ രാജ്ഭവനിലെത്തിയത്.
ഈ മാസം 18 ന് ആണ് നിയമസഭാ സമ്മേളനം നടക്കുക. രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താൻ നേരത്തെ തീരുമാനമായിരുന്നു.മാർച്ച് ആദ്യ വാരം സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിനാലാണ് ഇത്തവണ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളിലായി നടത്തുന്നതെന്നാണ് വിവരം.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിന് ശേഷം ഫെബ്രുവരി 24 ന് നയപ്രഖ്യാപന പ്രസംഗത്തിനുള്ള, നന്ദിപ്രമേയചർച്ചയ്ക്ക് ശേഷം സഭ പിരിയും.
പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി സഭ വീണ്ടും ചേരും. മാർച്ച് 11 ന് സംസ്ഥാന ബജറ്റ് മന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ അവതരിപ്പിക്കും. തുടർന്ന് ബജറ്റിൽമേലുള്ള ചർച്ചയ്ക്ക് ശേഷം മാർച്ച് 23 ന് സഭ പിരിയും.
Comments