തിരുവനന്തപുരം:ഗവർണറെ അവഹേളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാണം കെട്ട ഗവർണറുടെ നാണം കെട്ട നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് സുധാകരൻ പറഞ്ഞു. കേരളം ഇത് വരെ ഇങ്ങനെയാരു ഗവർണറെ കണ്ടിട്ടില്ലെന്നും ഗവർണർക്ക് അഭിപ്രായ സ്ഥിരത ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മും ബിജെപി ഗവൺമെന്റും തമ്മിലുള്ള അവിഹിത രാഷ്ട്രീയ ബന്ധത്തിന്റെ ദല്ലാളാണ് ഗവർണറെന്ന് അദ്ദേഹം ആരോപിച്ചു.ഗവർണറുടെ പടപ്പുറപ്പാട് കണ്ടാൽ ഭയപ്പെടുമെന്നും പക്ഷേ മണിക്കൂറുകൾ കഴിയുമ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി ഒരു അഭിമാന ബോധമില്ലാതെ മാദ്ധ്യമങ്ങളുടെ മുമ്പിൽ വന്ന് നിൽക്കുമെന്ന് സുധാകരൻ പറഞ്ഞു. ഗവർണർ എന്ന സ്ഥാനത്തിന് തന്നെ അപമാനമാണ്, ഇത്രയും മഹത്തായ സ്ഥാനത്തിരിക്കാൻ അർഹതയില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം എന്ന് പറയേണ്ടി വന്നതിൽ ദു:ഖമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു
പിണറായി വിജയൻ ഇന്ന് നടന്നുപോകുന്നതും കഴിഞ്ഞ് പോകുന്നതും ബിജെപിയുടെ ഒത്താശകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോൾ സ്വതന്ത്രമായി ആശങ്കയും ഭയവുമില്ലാതെ നടക്കാൻ കാരണം മുകളിൽ സംരക്ഷിക്കാൻ നരേന്ദ്രമോദി ഉണ്ട് എന്ന വിശ്വാസം കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments