മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്…’ഒരാളെ പോലെ ഏഴ് പേർ ഉണ്ടെന്ന് പറയുന്നത് വെറുതെയാണ്, ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ…!’ എന്നാണ് ചിത്രത്തിലെ ഡയലോഗ്. എന്നാൽ ഇപ്പോൾ ഇതിലെ ഡയലോഗ് തെറ്റാണെന്ന് കാണിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരാളെ പോലെ ഒൻപത് പേരുണ്ടെന്നാണ് കോഹ്ലിയുടെ ചിത്രത്തിലൂടെ വ്യക്തമാകുന്നത്.
വിരാട് കോഹ്ലിയും ഒൻപത് അപരന്മാരും ചേർന്ന് നടത്തിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. താനുമായി വളരെ അധികം രൂപ സാദൃശ്യമുള്ള അപരന്മാരെയാണ് താരം തിരഞ്ഞെടുത്തത്. ട്വിറ്ററിലൂടെയാണ് വിരാട് ചിത്രങ്ങൾ പങ്കുവെച്ചത്.
Find the odd one out. pic.twitter.com/cJCpNGmQfP
— Virat Kohli (@imVkohli) February 20, 2022
‘കൂട്ടത്തിൽ ഉൾപ്പെടാത്തയാളെ കണ്ടെത്തൂ’ എന്ന അടിക്കുറിപ്പോടെയാണ് കോഹ്ലി ചിത്രം പങ്കുവെച്ചത്. ഒരു മേശയ്ക്ക് ചുറ്റും ഒരേ വേഷത്തിലാണ് ഒറിജിനൽ കോഹ്ലിയും അപരന്മാരും ഇരിക്കുന്നത്. കോഹ്ലിയുടെ ട്രെൻഡ് സെറ്ററായ താടി അടക്കം അപരന്മാർ അതേപോലെ നിലനിർത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. വിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലും താരത്തിന് വിശ്രമം നൽകിയിരുന്നു. ഇതിനിടയാണ് അപരന്മാർക്കൊപ്പം ഇരുന്നുള്ള ഫോട്ടോഷൂട്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾക്കുള്ളിൽ വൈറലായി. രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്.
Comments