അബുദാബി : ബിസിനസ് സംരംഭങ്ങൾ വേഗത്തിൽ തുടങ്ങാൻ പുതിയ പ്ലാറ്റ്ഫോം രൂപീകരിച്ച് അബുദാബി. അബുദാബി ഇക്കോണമിക് ഡെവലപ്മെൻറ് വകുപ്പും ക്രിയേറ്റിവ് സോണും സംയുക്തമായി 23ഓളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സെറ്റപ് ഇൻ അബുദാബി എന്ന പുതിയ സംവിധാനം ആരംഭിച്ചത്. അബുദാബിയിൽ ബിസിനസ് തുടങ്ങുക, നടത്തിക്കൊണ്ടുപോവുക തുടങ്ങിയ ആവശ്യങ്ങൾക്ക് പരിഹാരങ്ങളും സഹായങ്ങളും നൽകുകയാണ് സെറ്റപ് ഇൻ അബുദാബിയുടെ ദൗത്യം.
ബിസിനസ് രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവരെയും നിലവിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം അബുദാബി അവതരിപ്പിച്ചത്. എമിറേറ്റിന്റെ സാമ്പത്തിക വികസനത്തിന് കുതിപ്പേകാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിങ്, ഇൻഷുറൻസ്, നിയമോപദേശം, ടാക്സ്, അക്കൗണ്ടിങ്, എച്ച്.ആർ സർവിസ് തുടങ്ങിയവയും സെറ്റപ്പ് ഇൻ അബുദാബിയിലുണ്ടാകും. അബുദാബി ഇൻവെസ്റ്റ്മെൻറ് ഓഫീസ് ആരംഭിച്ച ഇൻവെസ്റ്റർ കെയർ അടക്കം നിക്ഷേപത്തെ പിന്തുണക്കുന്നതിനുള്ള പദ്ധതികളും സെറ്റപ് ഇൻ അബുദാബിയിൽ ലയിപ്പിച്ചു.
മൊത്ത ആഭ്യന്തര ഉൽപാദനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന മൈക്രോ, സ്മോൾ, ആൻഡ് മീഡിയം എൻറർപ്രൈസസിനെ പിന്തുണക്കുന്നതിൽ സെറ്റപ് ഇൻ അബുദാബി സുപ്രധാന ചവിട്ടുപടിയാകുമെന്ന് അബുദാബി ഇക്കോണമിക് ഡെവലപ്മെൻറ് വകുപ്പിന്റെ പ്രതീക്ഷ. അബുദാബി ഗ്ലോബൽ മാർക്കറ്റ്, ടുഫോർ 54, മസ്ദർ, ഖലീഫ് ഇൻഡസ്ട്രിയൽ സോൺ, സോൺസ്കോർപ്, അബുദാബി എയർപോർട്ട് ഫ്രീസോൺ, എഡിസിബി, ഇത്തിസാലാത്ത്, മൈക്രോസോഫ്റ്റ്, തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളാണ് സെറ്റപ് ഇൻ അബുദാബിയുമായി സഹകരിക്കുന്നത്.
Comments