തിരുവനന്തപുരം :മലയാള ഭാഷ അറിയാത്ത മലയാളികൾക്ക് ഇനി കേരളത്തിൽ സർക്കാർ ജോലിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണം. ഇത് സംബന്ധിച്ച നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്ന് , പിണറായി വിജയൻ വ്യക്തമാക്കി . മലയാളം മിഷന്റെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം പ്രധനപ്പെട്ട വിനിമയങ്ങൾ നടക്കുന്നത് സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടാണെന്നും , അതിനാലാണ് ഭരണ ഭാഷ മലയാളമാക്കാൻ തീരുമാനിച്ചത് . ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്കു മനസ്സിലാകണം . പിണറായി പറഞ്ഞു .
നിയമപരമായി ഇംഗ്ലിഷോ മറ്റു ഭാഷകളോ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളമായിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു
മാറുന്ന കാലത്തിനനുസരിച്ചു മലയാള ഭാഷയെ വിപുലീകരിക്കണം . ഇംഗ്ലിഷ് പദങ്ങൾക്കുള്ള പരിഭാഷ സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്നതാകണം. ഭാഷാ സൗഹൃദ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കണം. മറ്റു ഭാഷകളെ മാറ്റിനിർത്തിയല്ല മലയാളത്തെ വളർത്തേണ്ടത്. പിണറായി പറഞ്ഞു.
Comments