ഇടുക്കി : വീടാണെങ്കിലും കെട്ടിടം ആണെങ്കിലും മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ ഇതേ ഉദ്ദേശത്തോടെ നിർമ്മിച്ച പല കെട്ടിടങ്ങളും നമ്മൾ കണ്ടുകാണും. എന്നാൽ ഇടുക്കി കല്ലാറിലെ ഈ കെട്ടിടം അവയിൽ നിന്നും വ്യത്യസ്തമാണ്. മുട്ടയുടെ ആകൃതിയിലുള്ളതാണ് ഈ കെട്ടിടം. നമ്മുടെ നാട്ടിൽ തന്നെ ആദ്യമായായിരിക്കും ഇത്തരത്തിൽ ഒരു കെട്ടിടം നിർമ്മിക്കുന്നത്.
കല്ലാറിൽ ആലപ്പുഴ- മധുര ദേശീയ പാതയിലാണ് ആളുകളെ ആകർഷിക്കുന്ന ഈ മുട്ട ആകൃതിയിലുള്ള ഓഫീസ് കെട്ടിടം ഉള്ളത്. പുറമേ നിന്ന് നോക്കിയാൽ നിലത്ത് വീണു കിടക്കുന്ന മുട്ടയാണെന്നേ തോന്നു. കെട്ടിട നിർമ്മാതാവായ ജയന്റെ സ്വന്തം ഓഫീസാണ് ഇത്. 500 ചതുരശ്ര അടിയിലുള്ള ഈ മുട്ടക്കെട്ടിടം കേവലം ആറ് മാസങ്ങൾ കൊണ്ടാണ് ജയൻ പൂർത്തിയാക്കിയത്. സഹോദരൻ സനലും നിർമ്മാണ പ്രവർത്തനങ്ങളിൽ ഒപ്പം കൂടിയിരുന്നു.
കെട്ടിട നിർമ്മാണ മേഖലയിൽ 23 വർഷമായി പ്രവർത്തിച്ചുവരികയാണ് സനൽ. സ്വന്തം ആയി തുടങ്ങുന്ന ഓഫീസിന് വ്യത്യസ്തമായ ആകൃതിവേണമെന്ന ഉറച്ച തീരുമാനമാണ് മുട്ടക്കെട്ടിടത്തിന്റെ നിർമ്മാണത്തിലേക്ക് ജയനെ നയിച്ചത്. എഗ്ഗ് ആർക്കിടെക്ചറൽ സ്റ്റുഡിയോ എന്നാണ് ഓഫീസിന് പേര് നൽകിയിരിക്കുന്നത്. തീർത്തും പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷമാണ് കെട്ടിടത്തിനുള്ളിൽ ഉള്ളത്. ഒറ്റവാതിൽ മാത്രമേ ഉള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്. കെട്ടിടത്തിന് ജനലുകളും ഇല്ല.
കെട്ടിട നിർമ്മാണത്തിന് മുൻപ് നാലോളം രൂപങ്ങൾ മനസ്സിലുണ്ടായിരുന്നതായി ജയൻ പറഞ്ഞു. അതിൽ ഏറ്റവും അനുയോജ്യമായി തോന്നിയത് മുട്ടയാണ്. കെട്ടിടത്തിന് ഉയരവും, കെട്ടിടത്തിനകത്തേക്ക് വായു സഞ്ചാരവും ലഭിക്കാൻ ഈ ആകൃതിയാണ് അനുയോജ്യം. ചൂടും കുറവാണെന്നും ജയൻ പറയുന്നു.
Comments