തിരുവനന്തപുരം: കെട്ടിടത്തിനുള്ളിലെ ക്ലോസറ്റിൽ കുടുങ്ങിക്കിടന്ന നായക്കുട്ടിയെ രക്ഷപെടുത്തി അഗ്നിരക്ഷാ സേന. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലെ ശുചിമുറിയിലാണ് നായക്കുട്ടി കുടുങ്ങിക്കിടന്നത്.
ചെല്ലാട് നിരപ്പിലെ പുരയിടത്തിലെ ശുചിമുറിയിലായിരുന്നു നായക്കുട്ടി. നായക്കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷപെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ക്ലോസറ്റ് പൊളിച്ചാണ് നായയെ വെളിയിലെടുത്തത്.
മൂന്ന് ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് നായ അതിനുള്ളിൽ കിടന്നതെന്ന് അഗ്നിരക്ഷാ സേനാവിഭാഗം അറിയിച്ചു. അവശനിലയിലായിരുന്നു നായക്കുട്ടി. ഫയർഫോഴ്സ് ജീവനക്കാർ നായയെ നെടുമങ്ങാട്ടെ ഓഫീസിലെത്തിയ്ക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
Comments