പാകിസ്താന്റെ ആകാശത്ത് കൂടി പറന്ന് അജ്ഞാത വസ്തു. കഴിഞ്ഞ ദിവസം പകലാണ് സംഭവം. ഇസ്ലാമാബാദ് നഗരത്തിന് മുകളിലൂടെയാണ് ഈ അജ്ഞാത വസ്തു പറന്നു നടന്നിരുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് മണിക്കൂറിലധികം സമയം ഈ അജ്ഞാത വസ്തുവിനെ ആകാശത്ത് ദൃശ്യമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തൃകോണാകൃതിയിൽ വീർത്ത് നിൽക്കുന്ന ഒരു വസ്തുവാണ് ഇതെന്നാണ് പറയുന്നത്. ആദ്യഘട്ടത്തിൽ ഡ്രോൺ പറക്കുന്നതാണെന്നാണ് പലരും കരുതിയത്. എന്നാൽ ഇതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. പക്ഷികൾ ഇതിന് സമീപത്ത് കൂടി പറന്ന് പോകുന്നതും കാണാം.
അജ്ഞാത വസ്തുവിനെ കാണാൻ നഗരത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ തിക്കിത്തിരക്കുകയും ചെയ്തു. ആകാശത്ത് നിന്ന് തൂങ്ങി കിടക്കുന്നത് പോലെയാണ് ഇത് കാണപ്പെട്ടത്. ഇതിന്റെ ധാരാളം വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ഇത് എന്താണെന്ന് കണ്ടെത്തി വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ അധികൃതരും ആരംഭിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ സമയം എല്ലാവർക്കും ഈ അജ്ഞാത വസ്തുവിനെ കാണാൻ സാധിച്ചിട്ടുണ്ടെന്നും, എന്നാൽ പിന്നീട് ഇരുട്ടു പരന്നു തുടങ്ങിയതിനാൽ അതിനെ കാണാൻ സാധിച്ചില്ലെന്നുമാണ് പ്രദേശവാസിയായ അർസ്ലൻ പറയുന്നത്.
‘ ആകാശത്ത് കൂടി പോകുന്ന വസ്തു എന്താണെന്ന് വ്യക്തമായിരുന്നില്ല. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ അത് ഒരു കല്ലാണെന്ന് തോന്നും. പക്ഷേ ക്യാമറ സൂം ചെയ്ത് നോക്കിയാൽ തൃകോണാകൃതിയിലുള്ള ഒരു വസ്തുവാണ് അതെന്ന് തോന്നും. പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു ഭാഗം പോലെയും അതിൽ ഉണ്ടായിരുന്നു. കറുത്ത നിറമായിരുന്നു അതിന്. ആ വസ്തുവിന്റെ 12 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ചു. ധാരാളം ചിത്രങ്ങളുമെടുത്തു. കുറേയധികം സമയം നിരീക്ഷിക്കാനും സാധിച്ചു’ അർസ്ലൻ പറയുന്നു.
Comments