റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർ ചരക്ക് തീവണ്ടിയ്ക്ക് തീയിട്ടു. ദന്തേവാഡയിലാണ് സംഭവം. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ദന്തേവാഡയിൽ നിന്നും വിശാഖപട്ടണത്തിലേക്ക് ഇരുമ്പയിരുമായി പോകുകയായിരുന്ന തീവണ്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിയുടെ എൻജിൻ ഭീകരർ കത്തിക്കുകയായിരുന്നു. എൻജിന്റെ ഭാഗത്തു നിന്നും തീ ഉയരുന്നതു കണ്ട ജീവനക്കാർ വിവരം അധികൃതരെയും റെയിൽവേ പോലീസിനെയും അറിയിച്ചു.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് എൻജിൻ കത്തിച്ചതാണെന്ന് വ്യക്തമായത്. ഭീകരർക്കായി പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തിവരികയാണ്.
സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ചരക്ക് തീവണ്ടി റെയിൽവേ ട്രാക്കിൽ നിന്നും നീക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Comments