ഇടുക്കി : പാർട്ടിവിട്ട വനിതാ നേതാവിനെതിരെ അശ്ലീല പ്രസംഗം നടത്തിയ സംഭവത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ കേസ്. നിലവിലെ ഇടുക്കി ബ്ലോക്ക് പ്രസിഡന്റും സിപിഎം പ്രവർത്തകയുമായ രാജി ചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് രാജിയ്ക്കെതിരെ സിപി മാത്യു അശ്ലീല പ്രസംഗം നടത്തിയത്.
അടുത്തിടെയാണ് കോൺഗ്രസിൽ നിന്നും കൂറ് മാറി രാജി സിപിഎമ്മിൽ ചേർന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിലേക്ക് സിപി മാത്യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം. ഇതിൽ സംസാരിക്കുന്നതിനിടെ രാജിയ്ക്കെതിരെ മാത്യു അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. സംഭവത്തിൽ ഡിവൈഎസ്പിയ്ക്കാണ് രാജി പരാതി നൽകിയത്. രാജിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അശ്ലീല പരാമർശം നടത്തിയിട്ടില്ലെന്നും, കൃത്യമായ ധാരണയോടെയാണ് രാജിയെക്കുറിച്ച് സംസാരിച്ചതെന്നുമാണ് സിപി മാത്യുവിന്റെ വാദം.
Comments