കൊച്ചി : കേരളത്തിൽ വികസനം കൊണ്ടുവരാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നതായി സിപിഎം . എൽഡിഎഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടർന്നാൽ വിസ്മയകരമായ വികസനത്തിലേക്കു കേരളം ഉയരുമെന്നതു കൊണ്ടാണ് കേരളത്തിലെ മറ്റ് പാർട്ടിക്കാർ ഇത് തടയാൻ ശ്രമിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
1957-59 ഘട്ടത്തിൽ ഭൂപരിഷ്കരണത്തെ അട്ടിമറിക്കാൻ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോൾ വികസനം അട്ടിമറിക്കാൻ സമാനമായ കൂട്ടുകെട്ട് ഉണ്ടാവുകയാണ്. ഒന്നിനു പിറകെ ഒന്നായി വൻദുരന്തങ്ങൾ വന്നു. കൊറോണ ലോകത്തെയാകെ ബാധിച്ചതാണ്. കേരളത്തെ മാത്രമായി ബാധിച്ചവയുമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക വരുമാനത്തിൽ വലിയ ഇടിവുണ്ടായി. മനുഷ്യവിഭവത്തകർച്ച ഉണ്ടായി. സാമൂഹ്യജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇത് സംഭവിച്ചു.
എന്നാൽ കേരളം പിടിച്ചു നിന്നു. പുതുകേരളത്തെ പടുത്തുയർത്തിവരുന്നു. ഇതു പലരും പ്രതീക്ഷിച്ചതല്ല. ലോകം അതീവ വിസ്മയത്തോടെയാണ് കൊച്ചു കേരളത്തെ നോക്കിക്കണ്ടത്. ഹ്രസ്വകാല പദ്ധതികൾ വേറെ. ദീർഘകാല പദ്ധതികൾ വേറെ. വികസന പരിപാടികൾ വേറെ. ക്ഷേമ പദ്ധതികൾ വേറെ. ഇങ്ങനെ വേർതിരിച്ച്, പദ്ധതി നിർവഹണത്തിനു സമയം നിശ്ചയിച്ച് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
Comments