പാരീസ്: റഷ്യൻ അധിനിവേശം പ്രതിരോധിക്കുന്ന യുക്രെയ്നെ സഹായിക്കാൻ ഫ്രാൻസും. ഇന്ധനവും പ്രതിരോധ ഉപകരണങ്ങളും യുക്രെയ്ന് നൽകാൻ ഫ്രാൻസ് തീരുമാനിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാനുളള സഹായമായിട്ടാണ് ഇവ നൽകുന്നതെന്ന് ഫ്രാൻസ് വ്യക്തമാക്കി.
ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിലാണ് നിർണായക തീരുമാനം. പ്രതിരോധ ഉപകരണങ്ങൾ എന്തൊക്കെയാണെന്നതിന്റെ വിശദാംശങ്ങൾ ഫ്രാൻസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ജർമ്മനി റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ യുക്രെയ്ന് നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഫ്രാൻസും സമാനമായ സഹായഹസ്തം നീട്ടുന്നത്.
റഷ്യൻ ടാങ്കുകളെ പ്രതിരോധിക്കാനുളള ആയുധങ്ങൾ ഉൾപ്പെടെ ഫ്രാൻസ് നൽകാൻ സാദ്ധ്യതയുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധ നടപടികൾ ലക്ഷ്യം വെയ്ക്കുന്ന റഷ്യൻ പൗരൻമാരുടെ സാമ്പത്തിക ആസ്തികൾ മരവിപ്പിക്കാനും പ്രതിരോധ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്.
യൂറോപ്യൻ യൂണിയനുമായും യുഎസുമായും കൈകോർത്ത് റഷ്യക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. യുക്രെയ്ന് ഇന്ധനവും മറ്റ് അവശ്യ സഹായങ്ങളും ഉറപ്പ് നൽകി കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും അയൽ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
Comments