ആലപ്പുഴ: തോട്ടിൽ മീൻ പിടിക്കാൻ വിരിച്ച വലയിൽ കുടുങ്ങിയത് അഞ്ചരയടി നീളമുള്ള മൂർഖൻ. അപ്പർ കുട്ടനാട്ടിലെ പുഞ്ചപാടശേഖരമായ ചെന്നിത്തലയിലാണ് സംഭവം. വച്ചാൽ തോട്ടിൽ മീനിനുവേണ്ടി വിരിച്ച വലയിലാണ് പാമ്പ് കുടുങ്ങിയത്.
പോട്ടങ്കേരിൽ രാജേഷ്, സുബ്രഹ്മണ്യം എന്നിവർ തോട്ടിൽ മീൻപിടിക്കുന്നതിനായി വിരിച്ച വലകൾ ഉയർത്തിയപ്പോഴാണ് അതിനുള്ളിൽ അകപ്പെട്ട പാമ്പിനെ കണ്ടത്. വല ഉയർത്തിയതും പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ട് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമാ താരാനാഥ് വിവരം റാന്നി വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.
Comments